12:59am 19 November 2026
NEWS
പുതിയ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളുമില്ല; കർഷകർക്ക് കള്ളുഷാപ്പ് തുടങ്ങാം; മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ
17/11/2026  08:15 AM IST
nila
പുതിയ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളുമില്ല; കർഷകർക്ക് കള്ളുഷാപ്പ് തുടങ്ങാം; മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ

തിരുവനന്തപുരം: പുതിയ ബാറുകളും ബെവ്‌കോ മദ്യവിൽപ്പനശാലകളും അനുവദിക്കേണ്ടതില്ലെന്ന പൊതുനിലപാടുമായി സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം. ഇടതുസർക്കാരിന്റെ മദ്യനയത്തിൽനിന്ന് കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കരട് റിപ്പോർട്ട് എക്‌സൈസ് വകുപ്പ് ഉടൻ സർക്കാരിന് സമർപ്പിക്കും. അതേസമയം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന കർഷകർക്ക് സ്വകാര്യ കള്ളുഷാപ്പുകൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന നിർദേശവും കരടിലുണ്ടെന്നാണ് സൂചന.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനുമാണ് കർഷകർക്ക് കള്ളുഷാപ്പുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്. നിശ്ചിത എണ്ണം തെങ്ങുകളും കള്ളുചെത്ത് തൊഴിലാളികളും സ്വന്തമായുള്ള കർഷകർക്കായിരിക്കും അനുമതി നൽകുക. ചെത്താവുന്ന തെങ്ങുകളുടെ എണ്ണവും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കള്ളിന്റെ അളവും അടിസ്ഥാനമാക്കി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് ആലോചന. ഷാപ്പുകളുടെ നടത്തിപ്പ് മറ്റുള്ളവർക്ക് കൈമാറുന്നത് നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളും പിന്നീട് രൂപീകരിക്കും.

പുതിയ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും അനുവദിക്കേണ്ടെന്ന നിർദേശത്തിന് അന്തിമ അംഗീകാരം നൽകുന്നതിന് നിലവിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളും പരിഗണിക്കും. സംസ്ഥാനത്തെ ബാറുകളുടെയും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെയും എണ്ണം, അവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ കണക്കും കരട് നയത്തോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറും.

നിലവിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റുകൾ ആധുനികവത്കരിക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റാനും നിർദേശമുണ്ട്. ഇതിനായി സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതും പരിഗണനയിലാണ്.

മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളും പുതിയ നയത്തിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി ബാറുകൾക്ക് കൂടുതൽ ഉത്തരവാദിത്വം നിശ്ചയിക്കാനാണ് ആലോചന.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സർക്കാരിന്റെ തുടക്കത്തിൽത്തന്നെ ഇത്തരം മദ്യത്തിന് വിൽപ്പന നികുതി ഏർപ്പെടുത്തിയ തീരുമാനം വിവാദമായിരുന്നു. യു.ഡി.എഫ് ഉപസമിതിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാൻ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് കരട് നയത്തിലുള്ളതെന്നാണ് സൂചന. എന്നാൽ ഉപസമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലാത്തതിനാൽ കരട് മദ്യനയത്തിന് അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. ഉപസമിതിയുടെ ശുപാർശകൾ കൂടി ലഭിച്ച ശേഷമായിരിക്കും നയത്തിന് അന്തിമരൂപം നൽകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img